2009, നവംബർ 18, ബുധനാഴ്‌ച

എന്റെ സിറ്റി -ലഘു ചരിതം 5


പണ്ട് കണ്ണൂര്‍ സിറ്റിയിലെ മരണ വീടുകളില്‍ യാസീന്‍ ഓതാന്‍ വേണ്ടി കൂലിക്ക് ആളെ വിളിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു.അന്ധനായ ഉമ്മര്‍ക്ക തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മയ്യിത്ത് എടുക്കുന്നതുവരെ യാസീന്‍ പാരായണം ചെയ്യും.അദ്ദേഹത്തിന്റെ മരണത്തോടെ അത്തരം ചടങ്ങുകള്‍ക്ക് വിരാമമായി.
സിറ്റിയിലെ പള്ളികുളങ്ങള്‍ നീന്തല്‍ പരിശീലന കേന്ദ്രമാണെന്ന്‍ പറയുന്നതില്‍ തെറ്റില്ലെന്ന്‍ തോന്നുന്നു.ജുമാമസ്ജിദിന്ന്‍ അടുത്തുള്ള വലിയ കുളം മഴക്കാലത്ത് നീന്തല്‍ പഠിക്കാനെത്തുന്നവരുടെയും നീന്തി തുടിക്കുന്നവരുടേയും പറുദീസ തന്നെയാണ്.ചിലരുടെ ജീവനുകള്‍ അപഹരിച്ച ചരിത്രവും ഈ കുളങ്ങള്‍ക്ക് അയവിറക്കാനുണ്ട്.
സിറ്റിയിലെ മുക്കടവ് (അരി ബസാര്‍) പണ്ട് "പാണ്ട്യാല" എന്ന പേരിലാണ് അറിയപെട്ടിരുന്നത്.തൊട്ടടുത്ത കടല്‍ കരയില്‍ എത്തിപ്പെടുന്ന ഉരുവില്‍ കൊണ്ട് വരുന്ന ഭക്ഷ്യവിഭവങ്ങള്‍ സ്റ്റോക്ക് ചെയ്ത് മൊത്തക്കച്ചവടം നടത്തിയിരുന്ന സ്ഥലമാണിത്.കാലക്രമേണ ഹോള്‍സെയില്‍ ബിസിനസ്സ് മൂന്നു കിലോമീറ്റര്‍ അകലെയുള്ള കണ്ണൂര്‍ ടൌണിലേക്ക് മാറ്റി. ഇന്ന്‍ അവിടെയുള്ള ഗെല്ലികളില്‍ ധാരാളം കൊച്ചു കടകള്‍ കാണാനൊക്കും.എല്ലാം അടഞ്ഞു കിടക്കുന്നുയെന്ന്‍ മാത്രം .ചിലതൊക്കെ പാലക്കാടു നിന്നും ജോലി ആവശ്യാര്‍ത്ഥം സിറ്റിയിലെത്തിയ കുടുംബങ്ങള്‍ കയ്യേറി.ഇന്നവര്‍ കൂട്ടു കുടുംബങ്ങളായി കഴിയുന്നു.അതേ പോലെ വടകര താഴത്തങ്ങാടിയില്‍ നിന്നും കുടിയേറി പാര്‍ത്ത കുടുംബങ്ങളും സിറ്റി പരിസര പ്രദേശത്ത് നിരവധിയുണ്ട്.അവരില്‍ ചിലരൊക്കേ ബംഗാളി മുഹല്ലയില്‍
താമസിക്കുന്നു.ഫയല്‍‌വാന്‍ ഹമീദും അവരില്‍ ഉള്‍പ്പെടും.
മത രംഗത്ത് പ്രവര്‍ത്തിക്കുന്ന പല സംഘടനയുടെയും ചില മുസ്ലിം രാഷ്ടീയ പാര്‍ട്ടികളുടെയും ഉല്‍ഭവ കേന്ദ്രം കണ്ണൂര്‍ സിറ്റി തന്നേയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: