2009, നവംബർ 19, വ്യാഴാഴ്‌ച

എന്റെ സിറ്റി - ലഘു ചരിതം 6

കണ്ണൂർ ടൗണിൽ പടക്ക കച്ചവടം നടത്തുന്ന അബുക്ക്കയുടെ പടക്ക നിർമാണ ശാല സിറ്റിയിലെ ചിറയ്ക്കൽ കുളം-തായത്തെരു റോഡിലാൺ സ്ഥിതി ചെയ്യുന്നത്‌.ഉത്സവത്തിന്നും മറ്റും ഓർഡർ പ്രകാരം വൻ സ്ഫോടന ശക്തിയുള്ള പടക്കങ്ങളാൺ ഇവിടെ നിർമ്മിക്കാറുള്ളത്‌.അബുക്കയുടെ മരണ ശേഷം മക്കൾക്കായിരുന്നു കടയുടെ മേൽനോട്ടം.1992 കണ്ണൂർ സിറ്റിയേ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കോണ്ട്‌ ഒരു വൻ ദുരന്തം അവിടെ അരങ്ങേറി.അതിൽ പൊലിഞ്ഞത്‌ എട്ടു ജീവനുകളായിരുന്നു. അതിലൊരാൽ അബുക്കയുടെ മകൻ റഫീഖും.അതോടെ പടക്ക നിർമാണ ശാല അടച്ചിട്ടു.
കണ്ണൂർ സിറ്റിയിൽ മൂന്നോളം ഹുജറകളുണ്ട്‌.കൊച്ചിപള്ളി,തായത്തെരു കട്ടിംഗ്‌,അരട്ടക്കപള്ളി തുടങ്ങിയ സ്ഥലങ്ങളിലാണത്‌.ഇവിടെ ഹിജറ മാസത്തിലെ പതിനാലാം രാവിൽ നടക്കുന്ന റാത്തീബിൽ "ചീരണി" നൽകുന്നത്‌ അയൽ വീടുകളിൽ നിന്നാൺ.കാലം ഒരു പാട്‌ മാറ്റങ്ങൾക്ക്‌ സാക്ഷിയായപ്പോൾ അതൊക്കെ ഒരു പുരാണ കഥയായി മാറി എന്നു വേണം കരുതാൻ.

2009, നവംബർ 18, ബുധനാഴ്‌ച

എന്റെ സിറ്റി -ലഘു ചരിതം 5


പണ്ട് കണ്ണൂര്‍ സിറ്റിയിലെ മരണ വീടുകളില്‍ യാസീന്‍ ഓതാന്‍ വേണ്ടി കൂലിക്ക് ആളെ വിളിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു.അന്ധനായ ഉമ്മര്‍ക്ക തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മയ്യിത്ത് എടുക്കുന്നതുവരെ യാസീന്‍ പാരായണം ചെയ്യും.അദ്ദേഹത്തിന്റെ മരണത്തോടെ അത്തരം ചടങ്ങുകള്‍ക്ക് വിരാമമായി.
സിറ്റിയിലെ പള്ളികുളങ്ങള്‍ നീന്തല്‍ പരിശീലന കേന്ദ്രമാണെന്ന്‍ പറയുന്നതില്‍ തെറ്റില്ലെന്ന്‍ തോന്നുന്നു.ജുമാമസ്ജിദിന്ന്‍ അടുത്തുള്ള വലിയ കുളം മഴക്കാലത്ത് നീന്തല്‍ പഠിക്കാനെത്തുന്നവരുടെയും നീന്തി തുടിക്കുന്നവരുടേയും പറുദീസ തന്നെയാണ്.ചിലരുടെ ജീവനുകള്‍ അപഹരിച്ച ചരിത്രവും ഈ കുളങ്ങള്‍ക്ക് അയവിറക്കാനുണ്ട്.
സിറ്റിയിലെ മുക്കടവ് (അരി ബസാര്‍) പണ്ട് "പാണ്ട്യാല" എന്ന പേരിലാണ് അറിയപെട്ടിരുന്നത്.തൊട്ടടുത്ത കടല്‍ കരയില്‍ എത്തിപ്പെടുന്ന ഉരുവില്‍ കൊണ്ട് വരുന്ന ഭക്ഷ്യവിഭവങ്ങള്‍ സ്റ്റോക്ക് ചെയ്ത് മൊത്തക്കച്ചവടം നടത്തിയിരുന്ന സ്ഥലമാണിത്.കാലക്രമേണ ഹോള്‍സെയില്‍ ബിസിനസ്സ് മൂന്നു കിലോമീറ്റര്‍ അകലെയുള്ള കണ്ണൂര്‍ ടൌണിലേക്ക് മാറ്റി. ഇന്ന്‍ അവിടെയുള്ള ഗെല്ലികളില്‍ ധാരാളം കൊച്ചു കടകള്‍ കാണാനൊക്കും.എല്ലാം അടഞ്ഞു കിടക്കുന്നുയെന്ന്‍ മാത്രം .ചിലതൊക്കെ പാലക്കാടു നിന്നും ജോലി ആവശ്യാര്‍ത്ഥം സിറ്റിയിലെത്തിയ കുടുംബങ്ങള്‍ കയ്യേറി.ഇന്നവര്‍ കൂട്ടു കുടുംബങ്ങളായി കഴിയുന്നു.അതേ പോലെ വടകര താഴത്തങ്ങാടിയില്‍ നിന്നും കുടിയേറി പാര്‍ത്ത കുടുംബങ്ങളും സിറ്റി പരിസര പ്രദേശത്ത് നിരവധിയുണ്ട്.അവരില്‍ ചിലരൊക്കേ ബംഗാളി മുഹല്ലയില്‍
താമസിക്കുന്നു.ഫയല്‍‌വാന്‍ ഹമീദും അവരില്‍ ഉള്‍പ്പെടും.
മത രംഗത്ത് പ്രവര്‍ത്തിക്കുന്ന പല സംഘടനയുടെയും ചില മുസ്ലിം രാഷ്ടീയ പാര്‍ട്ടികളുടെയും ഉല്‍ഭവ കേന്ദ്രം കണ്ണൂര്‍ സിറ്റി തന്നേയാണ്.

2009, നവംബർ 16, തിങ്കളാഴ്‌ച

തിരുത്ത് : കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാം സഭയിടെ പ്രഥമ പ്രധാനധ്യാപകന്‍ മമ്മു മാഷ് എന്നത് സെയ്തു മാഷായി തിരുത്തി വായിക്കാന്‍ അപേക്ഷ.

നന്ദി

"തിരുത്തിയ ചങ്ങാതിമാര്‍ക്ക് നന്ദി"
കണ്ണൂര്‍ സിറ്റിയെ കുറിച്ചുള്ള ലഘു ചരിത്രത്തില്‍ മൂന്നാം ഭാഗത്ത് സിറ്റിയിലെ അഡ്വക്കേറ്റുമാരെ പരിചയപ്പെടുത്തിയപ്പോള്‍ ദുബായിലുള്ള സിറ്റി സ്വദേശി അഡ്വക്കേറ്റ് ടി.കെ.ആശിഖിനെ ഉള്‍പ്പെടുത്താനാവാതെ പോയതില്‍ ഖേദിക്കുന്നു.പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവാണദ്ദേഹം.ഒപ്പം നിസാര്‍ ചൂണ്ടിക്കാട്ടിയത് പോലെ
അധ്യാപക രംഗത്ത് സേവനമര്‍പ്പിച്ച ചിലരേയും വിട്ടുപോയി.സര്‍സയ്യിദ് കോളേജ് പ്രഫസര്‍ ഇഖ്ബാല്‍,കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാം സഭ പ്രഥമ അധ്യാപകന്‍ മമ്മു മാഷ് (പേരില്‍ സംശയമുണ്ട്),നീര്‍ച്ചാലിലെ കാത്തിം മാഷ്,അബൂ ഉസ്താദ്,ത്വല്‍ഹ മാഷ്,ഹനീഫ മാഷ്,ആനയിടുക്കിലെ നൂര്‍ജ ടീച്ചര്‍,തുടങ്ങിയവരുടെ സേവനങ്ങളും എടുത്തു പറയേണ്ട ഒന്നാണ്.മറ്റോന്ന്‍ അച്ചീക്ക എന്ന വ്യാപാരിയുടെ മകനാണ് എന്ന കാര്യം വളരെ സന്തോഷമുളവാക്കുന്നു.ഇനിയും എന്റെ തെറ്റുകള്‍ തിരുത്താന്‍ സ്നേഹ നിധിയായ വായനക്കാര്‍ സമയം കണ്ടെത്തുമെന്ന്‍ ഞാന്‍ വിശ്വസിക്കുന്നു.

സ്നേഹ പൂര്‍വ്വം,
നിങ്ങളുടെ ഷംസ്

ഈ മനോഹര തീരം

കുട്ടിച്ചാത്തന്‍

എന്റെ സിറ്റി - ലഘു ചരിതം 4

വിവിധ മതാനുകൂലികള്‍ ഇടതിങ്ങി താമസിക്കുന്ന കണ്ണൂര്‍ സിറ്റിയില്‍ അഹമ്മദീയ ജമാ‌അത്തിന്റെ ഒരു പള്ളിയുണ്ട്.തറവാട്ടുമഹിമ ഏറേയുള്ള സിറ്റിയില്‍ എടപ്പകത്ത് തറവാട്ടിലെ ഒരു വിഭാഗം ഖാദിയാനികളാണ്.അതിനാലാണ് എടപ്പകത്തെ അഹമ്മദ് സുന്നിയായതും എടപ്പകത്തെ അശ്രഫ് അഹമ്മദിയ ആയതും.
ഗായകരെ കുറിച്ചു പറയുമ്പോല്‍ പണ്ടൊക്കെ കല്യാണ വീടുകളെ കൈമുട്ടി പാട്ടുകൊണ്ട് ധന്യമാക്കിയ ഒരു വിഭാഗത്തെ ഒഴിച്ചു നിറുത്താനാവില്ല.അത് കറുത്ത പാത്തൂഞ്ഞീയും വെളുത്ത പാത്തൂഞ്ഞീയും ആയിരുന്നു.ഇവരുടെ സംഘത്തിന്റെ താളാര്‍ദ്രമായ കൈമുട്ടി പാട്ടാണ് കല്യാണത്തിന്ന് പങ്കെടുക്കാനെത്തുന്നവരെ ആദ്യമായി എതിരേല്‍ക്കുന്നത്.മറ്റൊന്നാണ് വരനേ തേടി കൊണ്ട് വരുമ്പോള്‍ പ്രഥമ സ്ഥാനത്തുള്ള ഹംസക്കായുടെ ബേന്റ് സംഘം.
കാലം മാറി കഥ മാറി. ഇന്ന് അന്തീക്കയും ഹംസക്കയും കറുത്ത-വെളുത്ത പാത്തൂഞ്ഞിമാരും തിരശ്ശീലക്കു പിന്നില്‍ മറഞ്ഞു.പുതിയ തലമുറയിലേ ഗായകസംഘം 'കരോക്കില്‍'എന്ന സംഗീത വിദ്യയുമായി കല്യാണ വീടുകളെ അടിപൊളിയാക്കുന്നു.
ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്ന ഒരു പാട് കഥാപാത്രങ്ങള്‍ സിറ്റിയിലുണ്ട്.ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ആ മനുഷ്യരോട് എല്ലാ നിലക്കുമുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് അവരെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.
ജിന്ന് മജീദ്,ഉപ്പാവ ഹമീദ്,ചെവിടന്‍ ഹസ്സന്‍,കാലന്‍ മജീദ്,ചിറ്റുള്ളി കരീം,സിറുമ കണ്ണന്‍,ബോട്ടിക്ലി,ഒജീനകപ്പല്‍,ലാമ്പ് നബീസ,കോഴി ജമീല,തുടങ്ങി നിരവധിപേര്‍ "എ" പേരുകളില്‍ അറിയപ്പെടുന്നു.ഇവരില്‍ ചെവിടന്‍ ഹസ്സനെ നിരന്തരം ഉപദ്രവിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു പാറപുറത്തെ നൌസീര്‍.തുണിയില്‍ ഛായം മുക്കുന്ന നീലം അദ്ദേഹത്തിന്റെ മുഖത്ത് പുരട്ടി ഒരു കോമാളി വേഷം അണിയിക്കുന്ന ഒരു പരിപാടി അന്ന് സിറ്റിയില്‍ നടമാടിയിരുന്നു.അതിന്റെ തലപ്പത്ത് ഓട്ടോ ഡ്രൈവറായിരുന്ന നൌസീര്‍ ആയിരുന്നു.ആയുസ്സെത്താനായ കോഴി അരിയേറേ തിന്നും എന്ന വാക്കിനെ അന്വര്‍ത്ഥമാക്കികൊണ്ട് ഒരു ദിനം നൌസീറിനെ തേടിയെത്തി.1984 ജൂണ്‍ 10 ന് അദ്ദേഹത്തെ മരണം ഒരു ആക്സിഡന്റിന്റെ രൂപത്തില്‍ കവര്‍ന്നെടുത്തു.അതിന്ന് ശേഷം മനുഷ്യനെ മക്കാറാക്കുന്ന ഇത്തരം വേലകളില്‍ നിന്നും സിറ്റിയിലെ യുവ തലമുറ വിട്ടുനിന്നു.
(ദുരന്തങ്ങള്‍ സമ്മാനിച്ച ചില കഥകള്‍ സിറ്റിക്ക് അയവിറക്കാനുണ്ട്.അവ പിന്നീട്)

എന്റെ സിറ്റി - ലഘു ചരിതം 3

ഇന്നലത്തെ കുറിപ്പില്‍ വ്യാപാരികളില്‍ ചിലരെ വിട്ടു പോയി.സമദ്ക്കയും ചാക്ക് ഹാജിക്കയും ആബാളി ഖാലിദും അവരില്‍
ഉള്‍പ്പെടും.സിറ്റിക്കൊരു സിനിമാ നടിയുണ്ട്; ഷം‌നകാസിം.
സിറ്റിയിലെ ഇ.എം അശ്രഫ് കൈരളി മിഡില്‍ ഈസ്റ്റ് ലേഖകനാണ്.മാധ്യമം ദിനപത്രത്തിലെ സ്പോര്‍ട്സ് ലേഖകന്‍ ബി.കെ.ഫസല്‍,കണ്ണൂര്‍ ലേഖകന്‍ സി.കെ.അബ്ദുല്‍ ജബ്ബാര്‍,മാത്രഭൂമിയിലെ അബ്ദുറഹീം,സിറാജ് ലേഖകന്‍ ഹനീഫ കുരിക്കളകത്ത്,സൌദിയില്‍ നിന്നിറങ്ങുന്ന മലയാള പത്രത്തില്‍ ജോലി ചെയ്യുന്ന സാലിം,കോളമിസ്റ്റ് ഒ.അബൂട്ടി,ആനുകാലികങ്ങളില്‍ എഴുതുന്ന കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ പത്ര പ്രവര്‍ത്തന രംഗത്ത് തനതായ മുദ്ര പതിപ്പിച്ചവരാണ്.ഇവരില്‍ പലരും വിവിധ അവാര്‍ഡുകള്‍ക്ക് അര്‍ഹരായിട്ടുണ്ട്.
രാഷ്ടീയത്തില്‍ പയറ്റി തേളിഞ്ഞ പലരും സിറ്റിയുടെ മുതല്‍ കൂട്ടാണ്.കേന്ദ്ര മന്ത്രി ഇ.അഹമ്മദ് ഒരു ഉദാഹരണം.സി.കണ്ണന്‍ ,അശ്രഫ് ബംഗാളി,ഓ.കെ.തങ്ങള്‍,എം.കെ.ഖാലിദ് തുടങ്ങിയ ചെറുതും വലുതുമായ നേതാക്കള്‍ സിറ്റിയിലുണ്ട്.ഇവരില്‍ സി.കണ്ണനും ഓ.കെ തങ്ങളും എം.കെ.ഖാലിദും ഈ ലോകത്തോട് വിടപറഞ്ഞു.
അഗതികളെയും അശരണരേയും രോഗികളെയും പരിഗണിക്കുന്നതിലും കണ്ണൂര്‍ സിറ്റി മുന്‍‌പന്തിയിലാണ്.കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാം യതീംഖാനയും അതിന്റെ അമരക്കാരന്‍ ഇ.അഹമ്മദ് സാഹിബും,കണ്ണൂര്‍ മുസ്ലിം ജമാ_അത്തും അതിന്റെ നാഡിയിടിപ്പായ മൊയിതു സാഹിബും ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച്ചവെച്ചത്. റമദാനില്‍ സിറ്റിയിലെത്തുന്ന അഗതികള്‍ക്ക് അത്താഴ ഭക്ഷണം നല്‍കുന്ന ഒരു കൂട്ടായ്മ സിറ്റിയിലുണ്ട്.തെക്യാബ് കമ്മിറ്റിയുടെ കീഴില്‍ വര്‍ഷങ്ങളായി ഈ പുണ്യ കര്‍മ്മം നടക്കുന്നു.
നിരവധി മഹാത്മാക്കള്‍ കണ്ണൂര്‍ സിറ്റിയില്‍ വിശ്രമം കൊള്ളുന്നു.അരട്ടക്കപള്ളിയിലെ ഹയാത്തുല്‍ മുഹ്‌മിനീന്‍,കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിന്നടുത്തുള്ള സയ്യിദ് മൌലാ,പുതിസ്ലാംപള്ളി,വെത്തിലപള്ളി,മൈതാനപള്ളി എന്നിവിടങ്ങളിലെ ഔലിയാക്കള്‍,ഖോദരിശ്ശാ ഔലിയാ,തുടങ്ങിയവരുടെ മഖ്ബറകളും പതിനഞ്ചിലധികം നമസ്കാര പള്ളികളും ഒരു ക്ര്യസ്ത്യന്‍ ചര്‍ച്ചും മൂന്നമ്പലങ്ങളും സിറ്റിയിലുണ്ട്.
മാപ്പിള ബേയും അറക്കല്‍ രാജകൊട്ടാരവും അറക്കല്‍ മ്യൂസിയവും സിറ്റിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.കണ്ണൂര്‍ ജില്ലക്ക് പുറത്തുള്ള പലരും സിറ്റിയില്‍ വിവിധ തൊഴിലില്‍ ഏര്‍പ്പെട്ട് അവരുടെ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നു.ഇവരില്‍ അധ്യാപകരുണ്ട്.കടല്‍ തൊഴിലാളികളുണ്ട്.കൂലി തൊഴിലാളികളുണ്ട്.
ഹോമിയോ ഡോക്ടര്‍ അബ്ദുറഷീദ്,ഡോക്ടര്‍ നാരായണന്‍ കുട്ടി,മെഡിക്കല്‍ ഓഫീസര്‍ ജസ്റ്റിന്‍ വര്‍ഗീസ്,അഡ്വക്കേറ്റ് പി.മഹമൂദ്,അഡ്വക്കേറ്റ് അന്‍‌വര്‍,അഡ്വക്കേറ്റ് ഫൈസല്‍,ജസ്റ്റിസ് ഖാലിദ് തുടങ്ങിയവരും സിറ്റിയില്‍ പിറന്നവരാണ്.
ഒരു കാലത്ത് കണ്ണൂരിലെ കല്യാണ വീടുകളില്‍ സജീവ സാന്നിധ്യമായിരുന്ന ഗായകന്‍ എം.എസ് അബുറഹിമാന്‍ എന്ന അന്തീക്ക,കണ്ണൂര്‍ ഷാഫി,കണ്ണൂര്‍ ഷെരീഫ്,എന്നിവര്‍ സിറ്റി സ്വദേശികളാണ്.
(ബാക്കി പിന്നീട്)

എന്റെ സിറ്റി -ലഘു ചരിതം 2

കണ്ണൂര്‍ സിറ്റിയുടെ പരിസര പ്രദേശത്ത് പിറന്നു വീണ പലരും വ്യത്യസ്ഥ മേഖലയില്‍ കര്‍മ്മ നിരതരായി പ്രവര്‍ത്തിക്കുന്നു.അവരില്‍ ഗള്‍ഫില്‍ ജോലിചെയ്യുന്നവരുണ്ട്,രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുണ്ട്,പത്രപ്രവര്‍ത്തകരുണ്ട്,വ്യാപാരികളുണ്ട്,ഗായകരുണ്ട്,നൃ‍ത്ത‍ സംവിധായകയുണ്ട്,കേന്ദ്ര മന്ത്രിയുണ്ട്.എന്റെ ബാല്യകാലത്തെ വ്യാപാരികളെ ഞാന്‍ ഇത്തരുണത്തില്‍ സ്മരിക്കുന്നു.അവരില്‍ പലരും നമ്മേ വിട്ടുപോയി.അല്ലാഹു അവര്‍ക്ക് മഗ്ഫിറത്ത് നല്‍കുമാറാകട്ടെ (ആമീന്‍).ആനയിടുക്കിലെ ഉപ്പൂക്ക,കൊച്ചിപള്ളിയിലെ കുഞ്ഞീക്ക,ഹാജിക്ക, എറമുള്ളാനിക്ക,സിറ്റിയിലെ ടാങ്കി മഹമൂദ്ക്ക,വെറ്റിലക്കാരന്‍ മാമൂക്ക, ചുണ്ടന്‍ ഖാലിദ്,സര്‍ബത്തുകാരന്‍ കാദര്‍ക്ക,നെല്ലുകുത്തി ഹമീദ്,അച്ചീക്ക,ചിന്നകണ്ടി ഹമീദ്,ബര്‍മ്മ മജീദ്,യാഹൂക്ക,ഗാന്ധി മുസ്തഫ,മലബാര്‍ ഹുസ്സയിന്‍,സാലിമി മുസ്തഫ,കുന്നമ്പി അന്തു ,ഇത്താബു,തുടങ്ങിയവര്‍ക്കുപുറമേ സുബൈദ സിഗാര്‍ വര്‍ക്സ്,സീ.സീ ബീഡി,ദിനേശ് ബീഡി എന്നീ സ്ഥാപനങ്ങളും അന്ന്‍ സിറ്റിയില്‍ വ്യാപാര രംഗത്ത് സജീവമായിരുന്നു.(ബാക്കി നാളെ)

എന്റെ സിറ്റി -ലഘു ചരിതം 1

കണ്ണൂര്‍ ടൌണില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന പഴയ അരിബസാര്‍ അല്ലെങ്കില്‍ ഇറച്ചി മാര്‍ക്കറ്റ് എന്ന കണ്‍നൂര്‍ സിറ്റിയിലെ കൊച്ചിപള്ളി ദേശത്താണ് എന്റെ ജനനം. തങ്ങളെ സ്കൂളില്‍ നിന്നും പ്രാഥമിക പഠനം.സിറ്റി ഗവ:ഹൈസ്കൂളില്‍ തുടര്‍ വിദ്യാഭ്യാസം.പിന്നീട് കണ്ണൂര്‍ ടൌണില്‍ ചെരുപ്പ് കടയില്‍ ജോലി.അതിന്ന്‍ ശേഷം മദ്രാസ്,അഹമ്മദബാദ് എന്നീ സ്ഥലങ്ങളിലും ജോലി.ഇടക്ക് ബഹ്റയിനില്‍ . ഇപ്പോള്‍ 14 വര്‍ഷമായി ഒമാനില്‍ കഴിയുന്നു.1987-1990 കണ്ണൂര്‍ സിറ്റിയില്‍ എന്റെ പത്രാധിപത്യത്തില്‍ കീഴില്‍ എസ്.എം. പബ്ലിക്കേഷന്‍സ് സൌജന്യമായി "സംസം"മാസിക അച്ചടിച്ചു പുറത്തിറക്കി.ധാരാളം ആനുകാലികങ്ങളില്‍ എഴുതാന്‍ സാധിച്ചു.ഇപ്പോള്‍ അതിന്റെ ബ്ലോഗ് രൂപമായി സംസം ബ്ലോഗ് ഞാന്‍ പ്രസിദ്ധീകരിച്ചു.കണ്ണൂര്‍ സിറ്റിയിലെ വ്യക്തിത്വങ്ങളെ കുറിച്ച് പറയാനുണ്ട്.അത് നാളെ.............
ഷംസ്,മാടപ്പുര

2009, നവംബർ 7, ശനിയാഴ്‌ച